സുഹൃത്തോ ജീവിതപങ്കാളിയോ

നിങ്ങൾക്ക് സുഹൃത്തുക്കളുണ്ടോ? നിങ്ങൾക്ക് ഒരു ജീവിത പങ്കാളിയുണ്ടോ? ഈ രണ്ട് ബന്ധങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? രണ്ടു ബന്ധങ്ങളും ആവശ്യമുണ്ടോ?

ആവശ്യത്തിൽ സഹായിക്കുന്നവർ  ഒരു സുഹൃത്താണ്. നിങ്ങൾ എങ്ങനെയാണ് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത്?  നിങ്ങളുടെ താൽപ്പര്യങ്ങളും, മാനസികാവസ്ഥയും, ചിന്തകളും ഉള്ള വ്യക്തികളെ നിങ്ങളുടെ സുഹൃത്തായി തിരഞ്ഞെടുക്കും,  അല്ലേ? നിങ്ങൾ സന്തോഷമായിരിക്കുമ്പോൾ അവർ സന്തോഷം പങ്കിടും. നിങ്ങൾ ദുഃഖിച്ചിരിക്കുമ്പോൾ അവർ നിങ്ങളോടൊത്തു ദുഃഖിക്കും. തെറ്റുകൾ ചെയ്യുമ്പോഴും വീഴ്ചകൾ പറ്റുമ്പോഴും നിങ്ങൾ ആഗ്രഹിക്കുന്ന പ്രതികരണങ്ങൾ തരും. നിങ്ങളുടേതുപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാകകൊണ്ട് നിങ്ങൾ സ്നേഹിക്കും.

ഒരു ജീവിത പങ്കാളി നിങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?  ജീവിത പങ്കാളിയെ എങ്ങനെ തിരഞ്ഞെടുക്കും? ഒരു ജീവിത പങ്കാളി നിങ്ങളുടെ സുഹൃത്ത് മാത്രമോ? അറിവിലും, ചിന്തകളിലും, താത്പര്യങ്ങളിലും, ഇഷ്ടങ്ങളിലും, പ്രവർത്തിയിലും, കഴിവിലും ഒരു ജീവിത പങ്കാളി നിങ്ങളിൽ നിന്നും വ്യത്യസ്തനായിരിക്കും. അങ്ങനെയുള്ളവരെ ഒരു പങ്കാളിയായി നിങ്ങൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ പോരായ്മകളെ നികത്തി പൂർണതയുളവരായി ജീവിക്കുവാനാണ്. അവർ നിങ്ങൾക്ക് ഒരു സുഹൃത്തും, ഉപദേഷ്ടാവും, മോഡലും, ഗുണദോഷിക്കുന്നവരും, തെറ്റ് തെറ്റാണെന്ന് തിരുത്തുന്നവരും, ബലഹീനതകളും കുറവുകളും നികത്തുന്നവരും, നിങ്ങളിൽ നന്മ മാത്രം കാണാൻ താത്പ്പര്യപ്പെടുന്നവരും ജീവിതകാലമത്രയും കൂടെ നില്ക്കുന്നവരുമാണ്. നാനാത്വത്തിൽ ഏകത്വം എന്നത് ജീവിത പങ്കാളികളിൽ കാണാൻ കഴിയണം.

ഇന്ന് വളരെയേറെ പേർ ജീവിതപങ്കാളികളിൽ തൃപ്തരല്ലാത്തതെന്തുകൊണ്ട്? ഒരുമിച്ചുള്ള കാലത്തോളം നിങ്ങൾ പങ്കാളിയോട് പലതും കടമപ്പെട്ടിരിക്കുന്നു. വിവാഹസമയത്ത് ദമ്പദികൾ രഹസ്യമായി കൈമാറുന്ന ഒരു ഉടമ്പടിയാണതിന്  ആധാരം. ഒന്നാമത്തേത്, വിവാഹത്തിന് മുമ്പ് എൻ്റെ ഇഷ്ടങ്ങളും, ആഗ്രഹങ്ങളും അനുസരിച്ച് ജീവിച്ചു. എന്നാൽ ഇന്നുമുതൽ രണ്ടുപേരുടേയും ഇഷ്ടങ്ങൾ പരിഗണിച്ചേ ജീവിക്കൂ. രണ്ടാമത്തേത്, ഇന്നുവരെ എൻ്റെ ശരീരം എൻ്റെ അവകാശമായിരുന്നു. ഇന്നുമുതൽ എൻ്റെ ശരീരം നിന്റെ അവകാശവും നിന്റെത് എൻ്റെ ഉത്തരവാദിത്തവുമാണ്. മൂന്നാമത്തേത്, ഇന്നുവരെ ഞാനായിരുന്നു എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്, ഇനിമുതൽ നീ ആയിരിക്കും എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. ഈ വ്യവസ്ഥകളിൽ അറിഞ്ഞോ അറിയാതെയോ മാറ്റം വരുത്തുന്ന ദമ്പദികൾ പരസ്പരമുള്ള വിശ്വാസം നഷ്ടമാകാനും സന്തോഷമില്ലാത്ത ദാമ്പത്യ ബന്ധത്തിന്റെ അനുഭവത്തിലൂടെ ജീവിക്കാനും  നിർബന്ധിതരാകും.  

നിങ്ങളുടെ പങ്കാളിയുടെ വ്യത്യസ്‌തകൾ ഉൾക്കൊണ്ടുകൊണ്ട് അവരെ സ്നേഹിക്കാനും, കരുതുവാനും, സംരക്ഷിക്കുവാനും കഴിയുന്നില്ലെങ്കിൽ ഒരു സുഹൃത്ബന്ധത്തിന്റെ ആവശ്യമേ നിങ്ങൾക്കുള്ളൂ. ഒരുമിച്ച് ജീവിക്കുക എന്നതാണ് മനുഷ്യ ജന്മത്തിന്റെ മഹത്വം. അഭിപ്രായ വ്യത്യാസങ്ങളും, താത്പര്യങ്ങളിലുള്ള മാറ്റങ്ങളും, സാഹചര്യങ്ങളും ദാമ്പത്യ ബന്ധത്തെ തകർക്കാൻ അനുവദിക്കരുത്. പ്രതിസന്ധികളെ സ്വയം പരിഹരിക്കാൻ പറ്റാതെ വരുമ്പോൾ തീർച്ചയായും യോഗ്യരായവരുടെ സഹായം തേടേണ്ടതാണ്.

സുഹൃത്തും ജീവിത പങ്കാളിയും ജീവിത അവസാനം വരെ നിലനിർത്തേണ്ടുന്ന ബന്ധങ്ങളാണ്. അതിനാൽ, ഒരു ബന്ധം മുറിഞ്ഞുപോയാൽ ഉടൻതന്നെ മറ്റൊന്ന് കരുതിക്കൊള്ളണം. നല്ലൊരു ജീവിത പങ്കാളിയാകാൻ നിങ്ങൾക്ക് കഴിയട്ടെ. ഏത് സാഹചര്യത്തിലും, ഞാനുണ്ട് നിങ്ങളുടെ കൂടെ. ഇതെന്റെ വാക്ക്.


Discover more from Dr. Saji P Mathai

Subscribe to get the latest posts sent to your email.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Scroll to Top

Discover more from Dr. Saji P Mathai

Subscribe now to keep reading and get access to the full archive.

Continue reading